Thursday, January 21, 2010

ചാറ്റല്‍ മഴ

സ്വത്വ ബോധം അവനെ  പെരുമഴയില്‍ ഇറങ്ങി നടക്കാന്‍ അനുവദിച്ചില്ല. കരുതലോടെ മഴ തോരാന്‍ കാത്തിരുന്നവന്‍,പെരുമഴ ചാറ്റല്‍ മഴയായ് പരിണമിച്ചതും ഇറങ്ങിനടക്കാന്‍ തുടങ്ങി. അല്ലെങ്കിലും ചാറ്റല്‍ മഴക്ക് വസ്ത്രത്തിന്‍റെ മറ ചാടിക്കടന്ന് ദേഹത്തെ അസ്വസ്ഥപ്പെടുത്താന്‍ കഴിയില്ലല്ലോ.


മഴ ബാക്കിവെച്ച കുളിര്‍കാറ്റാസ്വദിച്ച് നടന്നു നീങ്ങവെ മഴ തുള്ളികളുടെ ഗന്ധവും ഭാരവും മാറിയതും,ചാറ്റല്‍ മഴ ക്രമേണ പെരുമഴയായ് പരിണമിച്ചതും തിരിച്ചറിഞ്ഞില്ല. അവന്‍ സസൂഷ്മം പാത്തുവെച്ച ഇടങ്ങളില്‍ വെള്ളം കയറിക്കൂടിയതും, സ്വന്തം ദേഹത്തെ കുളിരണിയിച്ചതും അറിഞ്ഞില്ല.


ഉമ്മറ കോലായിലേക്ക് കാലെടുത്തുവെച്ച്  വെളിയിലെ തോരാമഴയെക്കുറിച്ചാലോചിച്ചപ്പോഴാണ് ദേഹം വല്ലാതെ തണുത്ത് വിറച്ചും  മൂര്‍ദ്ധാവില്‍ വെള്ളമിറങ്ങിയും  സ്വന്തം സമനില തന്നെ തെറ്റിപ്പോയെന്ന് അവന്‍ മനസ്സിലാക്കിയത്. പക്ഷെ അപ്പോഴേക്കും പനിയും ജലദോഷവും അവനെ കീഴടക്കിയിരുന്നു.


അവളോടുള്ള അനുരാഗം ചാറ്റല്‍ മഴയായ് പൊടിഞ്ഞ് പ്രണയ  പെരുമഴയായ് പെയ്ത് സുബോധത്തെ മയക്കിക്കിടത്തി സ്വന്തം ആത്മാവിനെ കീഴടക്കി നശിപ്പിച്ചതെങ്ങിനെയെന്ന് ഇപ്പോള്‍ അവന്നു ബോധ്യമായി...

No comments: