Tuesday, October 12, 2010

ഹൃദ്യം ഈ സംഗമം

പ്രവാസി മലയാളികളുടെതായി  ഒത്തിരി മത-കലാ സാഹിത്യ- സാംസ്കാരിക സംഘടനകള്‍ ബെങ്കളൂരില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിഷയ വൈവിധ്യത്താലും ആഴത്തിലുള്ള പഠനം കൊണ്ടും ശ്രദ്ധേയമായ പല പരിപാടികളും സ്ഥിര സ്വഭാവത്തില്‍ മലയാള ഭാഷയില്‍ തന്നെ ഈ ചെറുതും വലുതുമായ കൂട്ടായ്മകള്‍ നടത്തിവരുന്നു. സാമൂഹ്യബോധവും വസ്തുതാപരമായി കാര്യങ്ങള്‍ അറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ പരിപാടികള്‍ ക്രമീകരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്. അന്യനെ അപരവല്‍ക്കരിച്ചും അവന്‍റെ ചിന്തകള്‍ക്ക് ചെവികൊടുക്കേണ്ടാതായിട്ടില്ല എന്ന മട്ടില്‍ സ്വന്തം ചിന്തയില്‍ അഭിരമിച്ച് കാലം കഴിക്കുന്ന ഇന്നത്തെ സവിശേഷ കാലഘട്ടത്തില്‍, ഇത്തരം വേദികളുടെ ലാളിത്യവും ആര്‍ക്കും എന്തഭിപ്രായവും തുറന്നു പറയാനുള്ള അവസരവും വളരെ ശ്രദ്ധേയമാണ്.


ഡയലോഗ് സെന്‍റെര്‍ ബെങ്കളൂര്‍ ചാപ്റ്ററും അത്തരത്തില്‍ ആശയ സംവാദങ്ങളെയും അഭിപ്രായ കൈമാറ്റങ്ങളെയും ഉള്ളുതുറന്ന് പ്രോത്സാഹിപ്പിക്കുകയും അതിനുതകുന്ന രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നതുമായ ഒരു ഉദ്യമമാണ്. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ (2008,2009) വളരെ വിപുലമായി തന്നെ നോമ്പുകാലങ്ങളില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകളുടെ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഇഫ്താര്‍ സംഗമം നടത്തിവരുന്നു. ക്ഷണിക്കപ്പെട്ടവരുടെ ശ്രേഷ്ടമായ സാന്നിദ്ധ്യവും സഹകരണവും പരിപാടികളെ ജീവസുറ്റതാക്കി. അതിന്‍റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടിന് (OCT 2nd 2010) ബെങ്കളൂര്‍ കോള്‍സ് പാര്‍ക്ക് ഹിറ സെന്‍റെറില്‍ വെച്ച് ഈദ് സംഗമം നടന്നു. കേവലമായ ആശംസാ കൈമാറ്റത്തിനും പ്രകീര്‍ത്തിപ്പെടുത്തലുകള്‍ക്കുമപ്പുരം ഓരോ പ്രതിനിധിയും തങ്ങളുടേതായ ചിന്തകളും അഭിപ്രായങ്ങളും സദസ്സിനോട് പങ്കുവെച്ചു. പലപ്പോഴും അഭിപ്രായങ്ങള്‍ മറ്റു ചിലരുടെ അഭിപ്രായങ്ങളോട് വിയോജിക്കുന്നവയായിരുന്നെങ്കിലും, സൂഷ്മത പുലര്‍ത്തിയും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചും പ്രതികരണങ്ങളെ ക്രമീകരിച്ച് നിര്‍ത്തിയത് സംഗമത്തെ സംവാദ വേദിയാക്കി.

മത ജാതി ഭേതമന്യേ എല്ലാവര്ക്കും നന്മവരണമെന്ന അതിയായ ആഗ്രഹം ഓരോരുത്തരുടെയും വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. സമൂഹത്തിന്റെ സുരക്ഷിതമായ നിലനില്‍പ്പിനെയും  കെട്ടുറപ്പുള്ള ഒരു നല്ല നാളെയും  സ്വപ്നം കാണുന്നവരെ  ഈരനനിയ്ക്കുകയും കണ്ണിനു കുളിര്മാപകര്‍ത്തുകയും ചെയ്ത ഒരു സായാഹ്നമായിരുന്നു അത്. പരിപാടിയില്‍ ഡയലോഗ് സെന്‍റെര്‍ കേരള സെക്രട്ടറി NM അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി കേരള കൂടിയാലോചന സമിതി അംഗം T മുഹമ്മദ്‌ വേളം ആമുഖ പ്രഭാഷണം നടത്തി. പരിപാടിയില്‍ സംബന്ധിച്ച് സാജന്‍ ജോര്‍ജ് (ഗ്ലോബല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് ), സുശീലന്‍,മഞ്ജിത്ത് കുമാര്‍ (ശാന്തിഗിരി ആശ്രമം), രാമചന്ദ്രന്‍ പാലേരി(NSS), ക കുഞ്ഞപ്പന്‍ (CPCA), TM ശ്രീധര്‍(ആശാന്‍ സ്റ്റഡി സെന്‍റെര്‍), ഡെന്നിസ് പോള്‍ (ദൂരവാണി നഗര്‍ കേരള സമാജം), RV ആചാരി (KKTF), KC രാജന്‍, K സുധാകരന്‍ (ശ്രീനാരായണ സമിതി), K.R കിഷോര്‍ (വികാസ് സാംസ്കാരിക വേദി), J. M ജയചന്ദ്രന്‍ (ബെങ്കളൂര് മലയാളി റൈറ്റേഴ്സ് ഫോറം), ജഗേഷ് (കലാ സാംസ്കാരിക വേദി ), തലവടി ഗോപാലകൃഷ്ണന്‍ (ബോധി സാംസ്കാരിക വേദി),A ഗോപിനാഥ് (കാരുണ്യ) എന്നിവര്‍ സംസാരിച്ചു. ഡയലോഗ് സെന്‍റെര്‍ ബെങ്കളൂര് കണ്‍വീനര്‍ നിസാര്‍ ഇബ്രാഹിം സ്വാഗതവും സെക്രട്ടറി റിയാസ് നന്ദിയും പറഞ്ഞു.

Saturday, October 09, 2010

ഗതി

ആഴ്ച്ചയില്‍ ഏഴില്‍ രണ്ടുകിഴിച്ച്
ബാക്കി ദിനമത്രെയും
ശീതീകരിച്ച അന്തരീക്ഷത്തിലിരുന്ന്‍
തൊലി വെളുത്ത് ജീര്‍ണിച്ചിരിക്കുന്നു.

നിരന്തരം പ്രത്യേകം ക്രമീകരിക്കപ്പെട്ട
ചുറ്റുപാടുകള്‍ മാത്രം ശീലിച്ച്
അവസ്ഥക്കാനുസാരം പ്രതികരിക്കാനറിയാതെ
ശരീരമത്രയും ക്ഷയിച്ചിരിക്കുന്നു.

വെയിലിന്റെ ചൂടും ഗാംഭീര്യവും
വിയര്‍പ്പിന്റെ ഈര്‍പ്പവും ഗന്ധവും
മനസ്സിനിന്ന്‍ അസഹ്യമായ്‌
തോന്നിത്തുടങ്ങിയിരിക്കുന്നു.

അസന്തുലിത നിലപാടുകളും
മൂര്‍ച്ച കുറഞ്ഞ ദൃഡബോധവും
അള്ളിപ്പിടിച്ച ശീലങ്ങളായ് പരിണമിച്ച്
എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു.