ലോക ചരിത്രത്തിലിന്നോളം മനുഷ്യ ജീവിതത്തെ സ്പര്‍ശിച്ച ഒരുപാട് ആശയ-ആദര്‍ശങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. അവയില്‍ മനുഷ്യന്‍റെ ചിന്താമണ്ഡലത്തില്‍ മാത്രം രൂപം കൊണ്ടതായിട്ടുള്ളതും, അതേസമയം ദൈവികമായ അംശം സൂഷ്മാര്‍തഥത്തില്‍ തന്നെ അവകാശപ്പെടുന്നതുമായ ആശയങ്ങളുമുണ്ട്. മനുഷ്യ കരങ്ങളാല്‍ രൂപം കൊണ്ട ആശയങ്ങളില്‍ മിക്കവയും, മനുഷ്യ ജീവിതത്തിലെ ഒരു പ്രത്യേക ഭാഗത്തെ മാത്രം കൈകാര്യം ചെയ്തുകൊണ്ട് ഉയര്‍ന്നു വന്നവയാണ്. ഓരോ കാലഘട്ടത്തിലുമുണ്ടായ സാമൂഹിക സാഹചര്യങ്ങളെ പരിമിതമായ മനുഷ്യ ചിന്തയുടെ പിന്‍ബലത്തില്‍ അപഗ്രഥിച്ച് ഒരാശയം രൂപപ്പെടുത്തുന്നതായാണ് നമുക്ക് ചരിത്ര വായനയില്‍നിന്നു മനസ്സിലാകുന്നത്. ഈയൊരു ഉദ്യമം മനുഷ്യ സമൂഹത്തിന്റെ പുരോഗതി എന്ന ലകഷ്യത്തെക്കാളുപരി, പല സന്ദര്‍ഭങ്ങളിലും, ഒരുപറ്റം ആളുകളുടെ ഇച്ഛകളേയും മനുഷ്യന്‍റെ മൃഗീയ ചേഷ്ടകളെയും കയറൂരി വിടുന്നതിന്നും കാരണമായി. അതേസമയം, ദൈവിക പാശം അവകാശപ്പെടുന്ന ആശയങ്ങള്‍ മനുഷ്യന്റെ സകല മേഖലകളിലും നിര്‍ദേശങ്ങളുമായി കടന്നു വന്നതായിട്ടാണ് നമുക്ക് കാണാന്‍ കഴിയുക. ആശങ്ങള്‍ സമൂഹത്തിനു എന്താണ് നല്‍കേണ്ടത് എന്ന കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇതിനൊക്കെ കാരണമായിട്ടുണ്ട്.
എന്നിരിക്കിലും കാര്യഗൌരവത്തില്‍ മനുഷ്യന്‍റെ സാക്ഷാല്‍ ജീവല്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച, അവ എണ്ണത്തില്‍ ന്യൂനപക്ഷമാണെങ്കിലും, ആശയസംഹിതകളുണ്ട്. മുതലാളിത്തം, കമ്മ്യൂണിസം, ഇസ്ലാമിക ജീവിത വ്യവസ്ഥ എന്നിവ ഉദാഹരണം. ഈ ആശയങ്ങള്‍ മനുഷ്യന്‍റെ ഏതൊക്കെ ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെട്ടു, സമൂഹത്തിലെ ഏതൊക്കെ ജനവിഭാഗങ്ങളുമായി സംവദിക്കാനുള്ള ശേഷി സ്വയമായി അവക്കുണ്ട്, ഈ ആശയസംഹിതകളെ മനുഷ്യ രാശി ഇതു രീതിയില്‍ അംഗീകരിച്ചു എന്നീ വിഷയങ്ങളില്‍ നമുക്കോരോരുത്തര്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം. ഈ ആശയങ്ങളൊക്കെത്തന്നെയും വ്യക്തിയെന്ന ഒരസതിത്വത്തെ ചില തത്വങ്ങളിലൂടെ ക്രമാനുഗതമായി ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്ക് എങ്ങിനെ വികാസം പ്രാപിക്കണം എന്ന ഒരു പ്രക്രിയ സമര്‍പ്പിക്കുന്നുണ്ട്. പ്രക്രിയയിലെ ഓരോ ഘടകങ്ങളും എത്രയളവില്‍ മൂര്‍ത്തീഭാവം കൈവരിക്കണം എന്ന കാര്യത്തിലും ആശയസംഹിതകള്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.
മാനുഷിക മൂല്യങ്ങളില്‍ കാര്യമായ ശ്രാദ്ധ ചെലുത്താതെ ലാഭം നേടുക എന്നൊരു ലകഷ്യത്തിലേക്ക് സാമൂഹിക ഘടനയെ മാറ്റുന്ന തരത്തിലാണ് മുതലാളിത്തത്തിന്റെ പ്രായോഗിക രൂപം. ന്യൂനപക്ഷത്തിന്റെ സ്വാര്‍ഥമായ ഇച്ഛകള്‍ കൈവരിക്കുന്നതിനിടയില്‍ സംഭവിക്കുന്ന ഒരു ഭാഗികമായ ഉല്‍പ്പന്നം എന്ന അര്‍ത്ഥത്തില്‍ മാത്രമേ മുതലാളിത്ത കേന്ദ്രീകൃത വ്യവസ്ഥിതിയിലെ പുരോഗതിയെ കാണാന്‍ കഴിയുകയുള്ളൂ. അതിലുപരി സമൂഹത്തിലകിലം ചൂഴ്ന്നുനില്‍ക്കുന്ന ഓരോ വ്യക്തിയുടെയും വളര്‍ച്ചയെ അത് ലക്‌ഷ്യം വെക്കുന്നില്ല.
കമ്മ്യൂനിസമാകട്ടെ, ഒരു കാലത്ത് പ്രകടമായി നിലനിന്നിരുന്ന മുതലാളി- തൊഴിലാളി ബന്ധങ്ങളിലെ അസ്വാരസ്യങ്ങളെ സാമാന്യവല്‍ക്കരിച്ച്, മനുഷ്യന്‍റെ ഭാവി ജീവിതത്തില്‍ ഉണ്ടായിത്തീരുന്ന പ്രശ്നങ്ങളൊക്കെയും ഈയൊരു ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പരിഹരിക്കേണ്ടത് എന്ന് തീരുമാനിച്ചു കളഞ്ഞു. മാനുഷിക പ്രശ്നങ്ങളെ തരണം ചെയ്യാന്‍ ഉത്ഘടമായി ആഗ്രഹിച്ച്, മനുഷ്യന് എത്തിപ്പിടിക്കവുന്നെടത്തോളം നേടിയെടുത്ത്, പക്ഷെ ഒരു ഘട്ടത്തില്‍ അത് നിലനിര്‍ത്താന്‍ കഴിയാതിരിക്കുന്നതാണ് അതിന്‍റെ അനുഭവ സാകഷ്യം.കമ്മ്യൂണിസവും സൂഷ്മാര്ത്ഥത്തില്‍ വ്യവസ്ഥയില്‍ ഭാഗമാകുന്ന വ്യക്തിയെ സമൂഹത്തിനു വളര്‍ത്തുന്ന തരത്തില്‍ സംവിധാനം കാണാതിരുന്നത് ഈയൊരു സൈദ്ധാന്തിക തകരാരിനു കാരണമായി മനസ്സിലാക്കാം.
എന്നാല്‍ ഇസ്ലാമിക ജീവിത വ്യവസ്ഥ, സമൂഹത്തിന്റെ നിലനില്പ്പില്‍ വ്യക്തിക്കുള്ള സ്ഥാനം ശരിയായ അര്‍ത്ഥത്തില്‍ അടയാളപ്പെടുത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. വ്യക്തിയുടെ സ്വഭാവ ശുദ്ധി, കുടുംബങ്ങളിലൂടെ വളര്‍ന്നു പന്തലിച്ച്, ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ എത്തിപ്പെടുന്നതായാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍, കഴിഞ്ഞ ഘട്ടത്തില്‍ ശുദധത നിലനിര്‍ത്തിയ ആദര്‍ശവാദികളോ സംവിധാനങ്ങളോ, സ്വാര്‍ത്ഥമായ താല്പര്യങ്ങള്‍ക്ക് അടിപ്പെട്ടുകഴിഞ്ഞാല്‍; ആ ആശയത്തെ സ്ഥാപിക്കാന്‍ ആ വ്യക്തികള്‍ക്കോ സംവിധാനങ്ങള്‍ക്കോ കഴിയാതെപോകുകയായിരിക്കും ചെയ്യുക.
ഇസ്ലാമിക ആദര്‍ശവാദി എന്ന് ഘോഷിച്ചു നടന്ന വ്യക്തിയെയോ, സംവിധാനത്തെയോ (സംഘടനകള്‍ ഉദാഹരണം) സംരക്ഷിക്കുന്നതിനായി ആ ഒരു ഘട്ടത്തില്‍ ഇസ്ലാമിക വ്യവസ്ഥക്ക് യാതൊരു ബാധ്യതയുമില്ല. കാരണം കറകളഞ്ഞ വ്യക്തിത്വ രൂപീകരണം മുന്നുപാധിയായി നിശ്ചയിച്ചും, അതിന്നു സഹായകമാവുന്ന നിയമ നിര്‍ദേശങ്ങളും ചട്ടക്കൂടും ആദിപടിമുതല്‍ തന്നെ ജീവിതത്തില്‍ പാലിക്കാന്‍ കല്പ്പിച്ചുമാണതിന്റെ ഒരു മനുഷ്യന്‍റെ ജീവിതത്തിലുള്ള ഇടപെടലുകള്‍ ആരംഭിക്കുന്നതുതന്നെ. ഈവിധത്തില്‍ വളര്‍ത്തിക്കൊണ്ടു വന്ന ഒരു ആദര്‍ശവാദി ഒരു ഘട്ടത്തില്‍ ആശയം മുന്നോട്ടുവെക്കുന്ന തത്വങ്ങളില്‍ നിന്ന് പിന്മാറി ഗമിക്കുമ്പോള്‍ ഒരു പരിധി വരെ കടിഞ്ഞാണിടാന്‍, ഇസ്‌ലാം പാകപ്പെടുത്തിയ ആശയത്തിലധിഷ്ടി തമായ സംവിധാനങ്ങള്‍ക്ക് (സംഘടനക്ക്) സാധിച്ചെന്നും വരാം. പക്ഷെ ഇതും ഒരു പരിധി വരെ മാത്രം. കടിഞ്ഞാണിടാന്‍ കഴിയുന്ന പരിധിയെന്നത് ആദര്‍ശവാദിയും-സംവിധാനവും പരസ്പര ഉഭയകക്ഷി താല്പര്യത്തോടെ അംഗീകരിക്കുന്ന അനുസരണം നിലനില്‍ക്കുന്നേടത്തോളം മാത്രമേയുള്ളൂ. ഈയൊര്‍തഥത്തില്‍ ആദര്‍ശവും ആദര്‍ശവാദിയും ഒരാദര്‍ശത്തിന്റെ സംസ്ഥാപനവുമെല്ലാം പരസ്പരം സ്വതന്ത്രമായ അസ്തിത്വങ്ങളായി ഇസ്‌ലാം കാണുന്നു.സ്വാഭാവികമായും വ്യവസ്ഥയുടെ സംസ്ഥാപനത്തിന് വേണ്ടി, തന്നാല്‍ കഴിയും വിധം സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിശ്രമിക്കണം എന്നതിലുപരി, താന്‍ വിശ്വസിക്കുന്ന ആദര്‍ശം മുന്നോട്ടു വെക്കുന്ന വ്യവസ്ഥ ഈ ഭൂമിയില്‍ പുലര്‍ന്നാലെ തനിക്ക് മോക്ഷം കിട്ടുകയുള്ളൂ എന്ന് ഒരു ഇസ്‌ലാമിക ആദര്‍ശവാദി വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ താന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഒരിക്കല്‍ സ്ഥാപിച്ചുകഴിഞ്ഞ വ്യവസ്ഥ പോലും അന്യായമായി, അവിഹിതമാര്‍ഗങ്ങളിലൂടെ നിലനിര്‍ത്തേണം എന്നും കരുതുന്നില്ല.
ഇസ്‌ലാമിക വ്യവസ്ഥയല്ലാതൊരു വ്യവസ്ഥയും ഇത്ര സൂഷ്മ തലത്തില്‍ മാനുഷിക ഇടപെടലുകളെ മനസ്സിലാക്കി പ്രക്രിയ രൂപപ്പെടുത്തിയില്ലെങ്കിലും; ഏതൊരു ആദര്‍ശത്തില്‍ വിശ്വസിക്കുന്ന "ശരിയായ" ആദര്‍ശവാദിക്കും - ഇന്ന് നിലനില്‍ക്കുന്ന മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ചുള്ള മുസ്‌ലീം രാജവാഴ്ച്ചകളെയും, ചൈനയില്‍ നടക്കുന്ന ഭീരുത്വതിലധിഷ്ടിതമായ ഗവണ്‍മെന്റിന്റെ ഞാണിമ്മേല്‍ കളികളേയും, സംവിധാനങ്ങളുടെയും അധികാരത്തിന്റെയും ഹുങ്കോടെ അരാജകത്വം പ്രവര്‍ത്തിക്കുന്ന മുതലാളിത്വ ശക്തികളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്; ആ മേല്‍ പറഞ്ഞ തത്ത്വങ്ങള്‍ നൈസര്‍ഗികമായി എല്ലാവരിലും കുടികൊള്ളുന്നതിനാലായിരിക്കാം.. .